കൊച്ചി ഫുട്ബോളിന്റെ ഇതിഹാസം. By റഫീക് സീലാട്ട്
ഹ്യദയം കൊണ്ടെഴുതുമ്പോൾ കൈ വിരലുകൾ വെറും ഉപകരണങ്ങൾ മാത്രം. വിവേക പൂർവ്വം പ്രവർത്തിക്കുമ്പോൾ പ്രവർത്തിക്കുന്ന ഇന്ദ്രിയം കേവലം ഉപകരണങ്ങൾ മാത്രം. അല്ലേ? ആഗ്രഹങ്ങൾ മാത്രം മനസ്സിലൊതുക്കാതെ ആ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ പ്രവർത്തിക്കുക. വിജയങ്ങൾക്കും പരാജയങ്ങൾക്കും വെറും രണ്ടാം സ്ഥാനം മാത്രം. കഠിനാദ്ധ്വാനത്തിലൂടേയും പ്രവർത്തിയിലൂടേയും കിട്ടുന്ന സംത്യപ്തിയാണ് ഈ ലോകത്തെ ഏറ്റവും നല്ല വികാരം..
കായിക വിനോദങ്ങളിൽ മേൽ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമേകുന്ന കായിക വിനോദമാണ് ഫുട്ബോൾ. വിജയവും പരാജയവുമല്ല ഒരു കാൽ പന്തുകാരന്റെ ലക്ഷ്യംപൊരുതുക,നന്നായി പൊരുതുക. വിജയിച്ചാൽ സന്തോഷം. പരാജയപ്പെട്ടാൽ പൊരുതി തോറ്റതിൽ സംത്യപ്തരാകുക
ഒന്നാലോചിച്ചാൽ ജീവിതത്തിന് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശമാണ് സ്നൂക്കർ നൽകുന്നത്. ജീവിതം എന്ന യാത്രയിൽ അച്ഛന് നല്ലൊരു മിഡ് ഫീൽഡറാണ്. അമ്മ നല്ല മിഡ് ഫീൽഡറാണ്. ഭാര്യ,കാമുകി, നല്ല സുഹ്യത്തുക്കളൊക്കെ നല്ല മിഡ് ഫീൽഡേഴ്സാണ്. ലക്ഷ്യത്തിലെത്താൻ അവർ പല വഴികളും തുറന്നു തരുന്നു. ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുത്തുവാനായി അവർ കവജങ്ങൾ സ്യഷ്ടിക്കുന്നു. ചെറുത്തു നിൽക്കുന്നു. അതും ഒപ്പം നിന്നു കൊണ്ട്. അത് കൊണ്ടാണ് ഫുട്ബോൾ എന്ന കായിക വിനോദത്തെ മനുഷ്യന് മാറോട് ചേർത്തു നിർത്തുന്നത്.
ഫുട്ബോൾ എന്ന കായിക വിനോദത്തിൽ ഞാൻ ഏറെ ആരാധിക്കുന്നതും ഇഷ്ടപ്പെടുന്നതും സ്ട്രൈക്കേഴ്സിനെയല്ല. മിഡ് ഫീൽഡർമാരെയാണ്. എന്തെല്ലാം കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ആക്രമണത്തെ തടയുന്നു. വിജയം ലാക്കാക്കി കൊണ്ട് ലക്ഷ്യത്തിലെത്താൻ വലുതും കുറുകിയതുമായ പാസ്സുകൾ നൽകുന്നു. അവസരം ലഭിച്ചാൽ കോർണറിലൂടെയോ ഒരു പെനാൽറ്റിയിലൂടെയോ അവർ ഗോളടിച്ച് വിജയം സുതാര്യമാക്കുന്നു.
ഫുട്ബോളിന്റെ മാന്ത്രികനായ ഫുട്ബോളിന്റെ ഇതിഹാസമായിരുന്ന പെലേ പോലും ഏറെ ബഹുമാനിച്ചിരുന്നതും ആരാധിച്ചിരുന്നതും തന്നോടൊപ്പം തന്റെ വിജയങ്ങൾക്ക് കാരണക്കാരായ Rivelino ,Santos,Valdir നെ പോലുള്ള മിഡ്ഫീൽഡുകളെയായിരുന്നു. കാരണം അവരില്ലെങ്കിൽ ആ പ്രതിരോധ ശക്തികളില്ലെങ്കിൽ ഒരു സ്ട്രൈക്കറില്ല. അവർക്ക് 1281 അന്താരാഷ്ട്ര ഗോളുകൾ പോയിട്ട് ഒരു ഗോള് പോലും വെക്കാന് കഴിയില്ല. അത്കൊണ്ട് ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ അമ്മയാണ് മിഡ്ഫീൽഡർ. അച്ഛനാണ്, സുഹൃത്താണ്, ഭാര്യയാണ് കാമുകിയാണ് മിഡ്ഫീൽഡർ.
കൊച്ചിയിലെ തിരുമല ദേവസ്വം വക സ്കൂളിൽ പഠിച്ചിരുന്ന മികച്ച ഒരു ഫുട്ബോളറെ എനിക്കറിയാം. S.M. ജുനൈദ് സേട്ട്. എന്റെ ജന്മ നാടായ കൊച്ചിയിലെ സാലൈ മുഹമ്മദ് സേട്ട് എന്ന മഹാനായ മനുഷ്യന്റെ മകന്. ബാല്യം തൊട്ട് ഫുട്ബോളിനെ അന്ധമായി ആരാധിച്ചിരുന്ന മികച്ചൊരു ഫുട്ബോളർ. ആഗ്രഹങ്ങളേക്കാളേറെ പ്രയത്നങ്ങൾ ക്ക് അന്നും ഇന്നും മുൻതൂക്കം നൽകുന്ന ഒരു വലിയ മനുഷ്യന്.
ആക്രമണ ഫുട്ബോളിനേക്കാളേറെ ലക്ഷ്യ സ്ഥാനങ്ങളിലെത്തപ്പെടാൻ സഹായിക്കുന്ന ഫുട്ബോളിന്റെ മദ്ധ്യ നിരകളിലായിരുന്നു ബാലനായ ജുനൈദ് സേട്ടിന്റെ ലക്ഷ്യം. ലക്ഷ്യ സ്ഥാനത്തെത്തുവാൻ പ്രയാസമായിരുന്ന അറുപതുകളിലെ തന്റെ കൗമാരം. ആളൊഴിഞ്ഞ മൈതാനങ്ങളിൽ കാൽപ്പന്തുകൾ തട്ടി ലക്ഷ്യം തേടിയുള്ള യാത്ര തുടങ്ങി. മനസ്സിൽ നിറയെ പെലയോടുള്ള ആരാധന മാത്രം. റേഡിയോവിലൂടെയുള്ള കമന്ററികൾ മാത്രം ഏക ആശ്രയമായിരുന്ന ഒരു കാലഘട്ടം. അവസരങ്ങൾ ഒരുക്കിയിട്ടും ഗോളനടിക്കാൻ കഴിയാതെ വരുമ്പോൾ സ്ട്രൈക്കറെക്കാൾ പ്രയാസപ്പെടുന്ന മിഡ്ഫീൽഡർ. അവസരം ക്യത്യമായി വിനിയോഗിച്ച് അതൊരു ഗോളായി മാറ്റുമ്പോൾ തുള്ളിച്ചാടുന്ന മിഡ്ഫീൽഡർ. ആ മനോഭാവമായിരുന്നു ബാലനായ ഈ കായിക താരത്തിന് ഒരു നാൾ. തന്റെ പ്രായത്തിലുള്ള കൗമാരക്കാർ പ്രണയ ലഹരി നുകർന്നിരുന്നപ്പോഴും ജുനൈദ് എന്ന ഫുട്ബോളറുടെ മനസ്സിൽ നിറയെ പ്രണയം ഫുട്ബോളിനോട് മാത്രമായിരുന്നു. സ്കൂളിലെ ഫുട്ബോൾ ക്യാപ്റ്റനായി.
തന്റെ കളിയുടെ മികവ് കണ്ട് അദ്ധ്യാപകരും സുഹ്യത്തുക്കളും പ്രശംസിച്ചപ്പോൾ ഈ മികച്ച ഫുട്ബോളറുടെ ഹ്യദയാഭിലാഷങ്ങൾ പൂവണിയുകയായിരുന്നു. പക്ഷേ വിജയ സാദ്ധ്യതകൾ സ്യഷ്ടിക്കുവാൻ പെടാപ്പാട് പെടുന്ന മദ്ധ്യനിരക്കാരന് എപ്പോഴും ദുരന്തങ്ങളുടെ നടുവിലായിരിക്കും. തന്റെ പതിമൂന്നാമത്തെ വയസ്സിൽ ഈ മികച്ച ഫുട്ബോളറിന് ഒരു വൻ ദുരന്തം നേരിടേണ്ടി വന്നു. അന്ന് ധാരാളം മുട്ടായികൾ സമ്മാനം കിട്ടുന്ന ഒരു കളിയുണ്ടായിരുന്നു. ഒരു ബോർഡിൽ കുറെ നമ്പറുകൾ എഴുതിവെച്ചിട്ടുണ്ടാകും. ഉണ്ടകൾക്ക് പകരം ആണിവെച്ച തോക്കുമായി ഉത്തരേന്ത്യക്കാരൻ വരും.ക്യത്യമായി വെടിവെച്ച് ഈ ആണി ആ അക്കങ്ങളിൽ കൊണ്ടാൽ ധാരാളം മധുരമാർന്ന മുട്ടായി സമ്മാനം ലഭിക്കും. അങ്ങിനെ ഒരിക്കൽ ആ ഉത്തരേന്ത്യക്കാരന് ലക്ഷ്യം തെറ്റി ഈ ആണി വന്ന് തറച്ചു കയറിയത് ഈ പാവം ഫുട്ബോളിന്റെ ആരാധകന്റെ കണ്ണിലായിരുന്നു. അതും വലത് കണ്ണ്.
സർവ്വവും നഷ്ടപ്പെട്ടൂ എന്ന് പലരും വിധി എഴുതി. അവിടെയാണ് ജീവിതത്തെ ഫുട്ബോളിന്റെ ആവേശത്തോടെ കണ്ടിരുന്ന ആ പതിമൂന്നുകാരന്റെ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും മുന്നിൽ ഞാൻ ശിരസ് കുനിക്കുന്നത്. പാതി കാഴ്ചയുള്ള ആ കണ്ണുകളുമായി പൂർവ്വാധികം ശക്തിയോടെ ജുനൈദ് സേട്ട് കളികളത്തിലിറങ്ങി.ഫുട്ബോൾ എന്ന മഹത്തരമായ കളി നൽകിയ സന്ദേശവുമായി. തുടർന്ന് നിരവധി ക്ളബ്ബുകൾക്കായി കളിച്ചു. തന്റെ കഴിവുകൾ തെളിയിച്ചു.
ഐ.എം.വിജയനൊന്നുമില്ലാത്തൊരു കാലമായിരുന്നു അത്. കേരളം കണ്ട മികച്ച ഫുട്ബോളേഴ്സ്സായ മണി,ജാഫർ,വില്യംസ്, സേതുമാധവൻ,വിക്ടർ മഞ്ഞില,ബഷീർ അങ്ങിനെ പത്ത് പേരടങ്ങിയ പ്രീമിയർ ടയേഴ്സ് ടീമിനായി അവരോടൊപ്പം ജുനൈദ് സേട്ട് കളിച്ചു. മിഡ്ഫീൽഡറായ ജുനൈദ് സേട്ടായിരുന്നു അവരുടെ ആത്മവിശ്വാസം. ഗോളടിക്കുവാൻ സേട്ട് ഒരുക്കിയിരുന്ന അവസരങ്ങൾ അവർ പാഴാക്കിയിരുന്നില്ല. പ്രശസ്തനായ ഒളിമ്പിയൻ അബ്ദുൽ റഹ്മ്നായിരുന്നു അവരുടെ കോച്ച്.
അദ്യ സന്തോഷ് ട്രോഫി മത്സരം വന്നു. മിഡ്ഫീഡറായത് കൊണ്ടോ കാഴ്ചയുടെ പ്രശ്നം കൊണ്ടോ ജുനൈദ് സേട്ട് ആ സന്തോഷ് ട്രോഫി ലിസ്റ്റിൽ ഉൾപ്പെട്ടില്ല. പക്ഷേ അദ്ദേഹം 1971 മുതൽ 83 വരെ ജൂനിയർ നാഷണൽ ടീമിൽ കളിച്ചു. 1974 ൽ കർണ്ണാടകയും കേരളവും തമ്മിലുള്ള മത്സരമായിരുന്നു. കോച്ച് ഒളിമ്പിയൻ അബ്ദുൽ റഹ്മാനായിരുന്നു. കളിയുടെ തോൽവി തിരിച്ചറിഞ്ഞ് കോച്ച് ഒരു ബേക്കിനെ തിരിച്ചു വിളിച്ച് ജുനൈദ് സേട്ടിനെ ഫോർവേഡായി ഇറക്കി. ആദ്യ പാസ്സിങ്ങിൽ നിഷ്പ്രയാസം അത് ഗോളായി മാറി. അങ്ങിനെ കർണ്ണാടകയെ തോൽപ്പിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. ജൂനിയർ ലീഗുകളിൽ നിരവധി തവണ കോർണറിലൂടേയും പെനാൽറ്റിയിലൂടേയും ജുനൈദ് സേട്ട് ലക്ഷ്യം കണ്ടിരുന്നു. 1971 മുതൽ 1983 വരെ ജുനൈദ് സേട്ട് ഫുട്ബോൾ രംഗത്തെ അത്ഭുത പ്രതിഭാസമായിരുന്നു. കാലങ്ങൾ പിന്നിട്ടെങ്കിലും ജുനൈദ് സേട്ടിന്റെ മനസ്സിൽ വലിയൊരു ദുഖം ഇന്നുമുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ കടവന്ത്രയിലുള്ള ഫ്ളാറ്റിൽ ചെന്ന് ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ആ മനസ്സ് വേദനിക്കുന്നത് എനിക്ക് കാണാന് കഴിഞ്ഞു. 1973 ൽ ജൂനിയർ ഇന്ത്യൻ നാഷണൽ ടീം സെലക്ഷൻ വന്നു. കേരളത്തിൽ നിന്നും ആദ്യം നിർദ്ദേശിക്കപ്പെട്ട പേരും ജുനൈദ് സേട്ടിന്റേതായിരുന്നു. അലോയ് ഘോഷ് എന്ന അതി സമർത്ഥനായിരുന്നു കോച്ച്. രാത്രി ഭക്ഷണം കഴിക്കുവാൻ ടേബിളിൽ ഇരിക്കവെ സെലക്ഷന്റെ ഭാഗമായി ക്യത്യനിഷ്ടക്കാരനായ ആ കോച്ച് പറഞ്ഞു. പെട്ടെന്ന് ഡൈവ് ചെയ്യാന് പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്ന കൈ പോലും കഴുകാതെ ആ കൈ തറയിൽ മുട്ടാതെ ജുനൈദ് സേട്ട് ഡൈവ് ചെയ്തു. കോച്ച് മറ്റുള്ളവരോടായി പറഞ്ഞു ജുനൈദ് സേട്ടിനെ മാത്യകയാക്കാൻ. അത്രയ്ക്ക് dedicated ആയിട്ടുള്ള കളിക്കാരനായിരുന്നു അദ്ദേഹം. ഫൈനൽ സെലക്ഷന് മത്സരം പഞ്ചാബിലെ പാട്യാലയിൽ നടക്കുകയാണ്. വാശിയേറിയ മത്സരമായിരുന്നു. കൊടും മഞ്ഞായിരുന്നു അന്നവിടെ. യാതൊരു മുന്നറിയിപ്പുമില്ലാതെ കോച്ച് അദ്ദേഹത്തോട് കളികളത്തിലേയ്ക്ക് ഇറങ്ങാന് പറഞ്ഞു. ഇത്രയും കൊടും തണുപ്പിൽ warm up ചെയ്യാതെ ഒരു കളിക്കാരനും ഇറങ്ങില്ല. പക്ഷേ തന്റെ മനസ്സിലെ ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശവും ആവേശവും മൂലം അദ്ദേഹം ചാടിയിറങ്ങി. ആ മഞ്ഞിൻ നനവുകളിൽ വഴുതി വീണ് തുടയെല്ല് ഒടിഞ്ഞു പോയി. അങ്ങിനെ ഇന്ത്യന് ജൂനിയർ നാഷണൽ ടീം എന്ന പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. വിധിക്രൂയനായിരുന്നില്ലായിരുന്നെങ്കിൽ ജുനൈദ് സേട്ട് എന്ന ഫുട്ബോൾ മാന്ത്രികൻ ഇന്ന് ഫുട്ബോൾ മാന്ത്രികലോകത്തിന്റെ അധിപനായി മാറിയേനെ. കോച്ച് ഒളിമ്പിയൻ അബ്ദുൽ റഹിമാനോടൊപ്പം കൊൽക്കത്ത യിൽ പെലെയുടെ കളി കണ്ടതും അദ്ദേഹത്തെ പരിചയപ്പെട്ടതും ഒരു മുതൽ കൂട്ടായി സേട്ട് കാണുന്നു. ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായും സേട്ട് നല്ല സൗഹൃദത്തിലാണ്. കാമറൂൺ, അൾജീരിയ,ഒമാൻ,ഖാന എന്നീ ടീമുകളുടെ ലോക്കൽ മാനേജറുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യയും മൂന്നു മക്കളുമായി സേട്ട് സന്തുഷ്ട ജീവിതം ആസ്വദിച്ച് വരുന്നു. മക്കൾ എല്ലാം വിദേശത്താണ്. സിനിമാ സീരിയൽ നടനും എഴുത്തുകാരനും സംവിധായകനുമായ ആദംഅയ്യൂബിന്റെ സഹോദരിയുടെ ഭർത്താവാണ് ജുനൈദ് സേട്ട്. ഫുട്ബോളിലും ജീവിതത്തിലും നല്ലൊരു മിഡ്ഫീൽഡറായി സേട്ട് പൂർണ്ണ ആരോഗ്യവാനായി ആഗ്രഹങ്ങളേക്കാളേറെ കഠിനാദ്ധ്വാനത്തിന് പ്രാധാന്യം നൽകി മുന്നേറുന്നു. സേട്ടിന് എല്ലാ ഭാവുകങ്ങളും. എല്ലാ നന്മ മരങ്ങൾക്കും നന്മകളുണ്ടാകട്ടെ
Interview by Mr. Rafeek Seelat
A Magazine for the Cutchi Memon Community of Kerala