വിദ്യാഭ്യാസം സാന്റാക്രൂസ് സ്കൂളിൽ ആയിരുന്നു. ജീവിത ഭാരം ചുമലിൽ വന്നപ്പോൾ 18 വയസ്സിൽ മിലിട്ടറിയിൽ ചേർന്നു. അന്ന് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായിരുന്നു. രണ്ടു വർഷത്തെ സൈനിക സേവനത്തിൽ നിന്നും 1946ൽ വിടവാങ്ങി. വിമുക്ത ഭടന്റെ ആനുകൂല്യത്തിൽ ഇന്ത്യൻ ബാങ്കിൽ ക്ലാർക്ക് ആയി നിയമിതനായി. ആ കാലഘട്ടത്തിൽ സ്വന്തം പേരിൽ സർഗ്ഗാത്മക കഴിവുകളെ എഴുതി പ്രസിദ്ധികരിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ "ചക്രധാരി" എന്ന തുലികാ നാമം സ്വികരിച്ചു. "ചക്രധാരി" എന്ന തമിഴു ചിത്രമായിരുന്നു പ്രചോദനം.
അന്ന് ഏറ്റവും പ്രചാരത്തിൽ ഉണ്ടായിരുന്ന മാത്രഭൂമി വാരികയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ പ്രസിദ്ധികരിച്ചു വന്നത് എന്നാണ് എന്റെ ഓർമ്മ. പിന്നീടങ്ങോട്ട് പല വാരികകളിലും മറ്റുമായി ധാരാളം കലാസൃഷ്ടികൾ പ്രസിദ്ധികരിച്ചു കൊണ്ടിരിന്നു. ഉയർന്ന ചിന്തയും ലളിത ജീവിതവും മുഖമുദ്രയാക്കിയ ആ വ്യക്തിത്വത്തിന് ആശയങ്ങൾ എത്ര ഗംഭീരമുള്ളതായാലും ലളിതവും സരസവുമായി പ്രതിപാദിക്കാനുള്ള അസാമാന്യ കഴിവിനെ പ്രകീർത്തിക്കുന്നു. അക്കാലത്തു മട്ടാഞ്ചേരിയിലെ ദ്വാരകദാസ് സേട്ടിന്റെ (ഗുജറാത്തി) ദീപ്തി മാസികയിൽ "ഞാനും നിങ്ങളും" എന്ന പംക്തിയും എഡിറ്റോറിയലും കൈകാര്യം ചെയ്തിരുന്നു. ബാങ്ക് ജോലി കയിഞ്ഞ് നേരെ ദീപ്തി ഓഫീസിൽ. ഏറെ വൈകുന്നത് വരെ ജോലിത്തിരക്കിൽ ആയിരിക്കും. ക്ഷീണിതനായി വീട്ടിൽ എത്തിയാലും വീണ്ടും എഴുത്തിന്റെ പണിപുരയിൽ ആയിരിക്കും.
അന്ന് മാറ്റർകൾ പ്രെസ്സിലേക് പോകുന്നതിന് മുൻപ് അവ പകർത്തി എഴുതിയിരുന്നത് സഹോദര പുത്രിയായ കുൽസും ഭായി ആയിരുന്നു. സിനിമ നിരൂപണങ്ങൾ, കഥകൾ, ചിന്തോദീപങ്ങളായ ലേഖനങ്ങൾ എന്നിവ ആ തൂലികയിൽ നിന്നും നിർലോഭം ഒഴുകിയിരുന്നു. അവയെല്ലാം ദീപ്തിയിൽ തുടർച്ചയായി പ്രസിദ്ധികരിക്കാൻ തുടങ്ങി. മലയാള ഭാഷയിലെ പരിജ്ഞാനവും അവ അനായാസം കൈകാര്യം ചെയ്യുവാനുള്ള കഴിവും ഇവിടെ തുണയായി. കൂടാതെ ഹിന്ദി, ഉർദു, തമിഴ് എന്നീ ഭാഷകളും സായത്തമായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും പ്രാവണ്യം ഉണ്ടായിരുന്നു.
അഹ്‌മദ് ഉസ്മാൻ സേട്ട് പത്രാധിപരായിരുന്ന "ചിത്രം സിനിമ" മാസികയിലും ചോദ്യോത്തര പംക്തിയിലും അതിന്ടെ ഉന്നത തലത്തിൽ തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞു. അതിന്റെ അണിയറയിൽ ഭംഗിയായി പ്രവർത്തിക്കാനുള്ള പ്രചോദനം ലഭിച്ചത് അന്നത്തെ രാജ്യസഭാ അംഗമായിരുന്ന പരേതനായ സാലേ മുഹമ്മദ് ഇബ്രാഹിം സേട്ട് ആയിരുന്നു.
ഇതിനിടയിൽ നാലു പ്രാവശ്യം ഹജ്ജെന്ന പുണ്യ കർമം നിർവഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ആ പവിത്രത നിലനിർത്തുന്നതിന്റെ ഭാഗമായി പലിശ കണക്കെഴുതുന്നത് അനിസ്ലാമികമെന്ന വിശ്വാസത്തിൽ ബാങ്കിലെ ജോലി രാജിവെച്ചു സാലേ മുഹമ്മദ് ഇബ്രാഹിം സേട്ടിന്റെ ബ്ലൂ ബേ ഫിഷറീസിൽ 1962ൽ ചീഫ് അക്കൗണ്ടന്റ് ആയി ജോലി സ്വീകരിച്ചു. 1969ൽ മാനേജർ പദവി നൽകി. പിന്നീട് 1971 മുതൽ 1982 വരെ "ഇൻഡോ മറൈൻ ഏജൻസി " എന്ന അവരുടെ തന്നെ മറ്റൊരു കമ്പനിയിൽ മാനേജരായി നിയമിക്കപ്പെട്ടു. എന്നാൽ 1982ൽ ബ്ലൂ ബേയിലേക് തിരിച്ചു പോവുകയും അവിടത്തെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം 1987ൽ രാജിവെച്ചു പിരിഞ്ഞു പോവുകയും ചെയ്തു.
പിന്നീട് എറണാകുളത്തെ പ്രശസ്തമായ ഒരു പ്ലൈവുഡ് കമ്പനിയിലും അതിനു ശേഷം പ്രശസ്ത വസ്ത്രവ്യാപാരി "മഹാരാജാസ് റെഡിമെഡ്‌സിലും" അക്കൗണ്ടന്റായി വർത്തിച്ചു. കലയോടും സിനിമയോടും ആഭിമുഖ്യമുള്ള H.H.ഇബ്രാഹിം സേട്ടുവും, Y.M.ഇലിയാസ് സേട്ടുവും ചേർന്ന് "കലാലയ" ബാനറിൽ "ഡോക്ടർ" എന്ന സിനിമ റിലീസ് ചെയ്തു. കലാപരമായി വിജയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. എന്നാൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ല.
അവരുടെ രണ്ടാമത്തെ ചിത്രത്തിനായി "ചക്രധാരി" സുബൈദ എന്ന കഥയ്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഹുസൈൻ സേട്ടിന്റെ തൂലികയിൽ നിന്നുതിർന്ന -ആ കഥ- ആദ്യ രാത്രിയിൽ ഭർത്താവ് നഷ്ടപെട്ട ഒരു ഗർഭവതിയായ സുബൈദ എന്ന സ്ത്രീയുടെ കദനകഥ- അന്ന് മുസ്ലിം സമുദായത്തിൽ സ്ത്രീക്ക് യാതൊരു സ്വതന്ത്രവും ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു. തികച്ചും ചടുലമായ സംഭാഷണവും പല വീടുകളിലും കാണുന്ന കുശുമ്പും കുന്നായ്മയും എടുത്തു കാട്ടിയ നല്ലൊരു ചിത്രീകരണവും. M.S.മണി ആയിരുന്നു സംവിധാനം നിർവഹിച്ചത്. മുസ്ലിം സാമൂഹിക പശ്ചാത്തലം പരിചയം ഇല്ലാത്തതിനാൽ ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ ആദ്യാവസാനം ചക്രധാരിയുടെ സാന്നിധ്യം വേണമെന്ന് ശഠിച്ചു. അങ്ങിനെയാണ് അദ്ദേഹം സിനിമ പ്രവർത്തനം തുടങ്ങുന്നത്. വമ്പിച്ച വിജയത്തോടെ 1965ൽ പടം റിലീസ് ആയി. അങ്ങനെ ഹുസൈൻ സേട്ടിന്റെ സാന്നിധ്യം. അനിവാര്യാമായപ്പോൾ കലാലയ ബാനർ എന്നത് കലാലയ ഫിലംസ് എന്ന ബാനറിൽ സിനിമകൾ പുറത്തിറക്കി തുടങ്ങി. വിലക്കപ്പെട്ട ബന്ധങ്ങൾ, മനസ്സ്, ജാലകന്യക എന്നിവ അവയിൽ ചിലതാണ്. ജാലകന്യകയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ന്റെ ജോലി നിർവഹിച്ചത് ചക്രധാരി ആയിരുന്നു. പാതിരാമണൽ എന്ന സ്ഥലത്തു വെച്ചു ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഉണ്ടായ ഒരു ദുരന്തം എന്റെ പിതാവിന്റെ മനസിനെ ആകെ ഉലച്ചിരുന്നു. ഉരുക്കു മനുഷ്യൻ എന്ന് ഞങ്ങളുടെ മനസ്സിൽ പ്രതിഷ്ട നേടിയ എന്റെ പിതാവ് കരയുന്നത് അന്നാണ് ആദ്യമായി ഞാൻ കാണുന്നത്. മട്ടാഞ്ചേരിയിലെ ദാവൂദ് സേട്ടിന്റെ (കല്കട്ടക്കാരൻ) മകനും രണ്ട് കുട്ടികളുടെ പിതാവുമായ ഇബ്രാഹിം സേട്ട് സെറ്റിലെ ജോലികൾകിടെ ചേർത്തല കായലിൽ മുങ്ങി മരിച്ചതയായിരുന്നു ആ ദുരന്തം. അതിന് ശേഷം "അർദ്ധരാത്രി" എന്ന സിനിമയുടെ എല്ലാ പേപ്പർ വർക്കും ചെയ്തിരുന്നു, പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ആ കഥ മറ്റാരോ സിനിമ ആക്കി കഴിഞ്ഞിരുന്നു. അങ്ങനെ ആ സംരംഭത്തിൽ നിന്നും പിന്മാറി. പിന്നീട് മഹാരാജാ ഫിലിംസിന്റെ പേരിൽ ശിവാനന്ദൻ ഒരു സിനിമ പിടിച്ചു. രാജസേനൻ സംവിധാനം ചെയ്തു, രഘുനാഥ് പാലേരി തിരക്കഥ എഴുതിയ "സ്വപ്നലോകത്തിലെ ബാലഭാസ്കർ" ന്റെ ചുക്കാൻ പിടിച്ചത് ചക്രധാരി എന്ന ഹുസൈൻ സേട്ട് ആയിരുന്നു. ചലച്ചിത്രങ്ങളുമായി ബന്ധപെട്ടപ്പോഴും ലേഖനങ്ങൾക്കും ചെറുകഥകൾക്കും വേണ്ടി തുലിക ചലിച്ചു കൊണ്ടേയിരുന്നു. 1948ൽ "മുസൽമാൻ" എന്ന പ്രസിദ്ധികരണത്തിൽ ആണ് ആദ്യ ചെറുകഥ വന്നത്. 1953ൽ എഴുതിയ "താരങ്ങളുടെ സദാചാരനിലവാരം" എന്ന ലേഖനം ചലച്ചിത്ര ലോകത്ത് അല്പം വിവാദമായി.
കലാനിധി വാരിക, തസ്‌വീർ, കേരള പത്രിക, ഫിലിം, സിനിമ ദീപം തുടങ്ങിയ സിനിമ പ്രസിദ്ധികരണങ്ങളിലും എഴുതിയിരുന്നു. ദ്വാരകദാസിന്റെ മരണത്തോടെ ദീപ്തിയുടെ പ്രസിദ്ധികരണം അവസാനിച്ചു. അതുവരെ അതിലെ രാംദാസിന്റെ മരണത്തോടെ ദീപ്തിയുടെ പ്രസിദ്ധികരണം അവസാനിച്ചു. അതുവരെ അതിലെലേഖകനായിരുന്നു.
കൊച്ചിയിലെ കച്ചിമേമൻ അസോസിയേഷൻ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിരുന്നു. 1962 മുതൽ 1974 വരെ ഇക്ബാൽ ലൈബ്രറിയുടെ സെക്രട്ടറി, 1998ലെ സുവനീർ (സി എം ജെ & സി എം എ)ചീഫ് എഡിറ്റർ എന്ന പദവിയും ഏറ്റെടുത്തിട്ടുണ്ട്.
ചെറുകഥകളിലേക്ക് ഒരു തിരനോട്ടം കൂടി നടത്തുകയാണ്. 1954ൽ ഫിലിം മാസികയുടെ ഒരു വാർഷിക പതിപ്പിൽ എഴുതിയ "ഒരു വേശ്യ അവളുടെ കഥ പറയുന്നു" എന്ന കഥ ലക്‌നൗവിലെ ഒരു തെരുവിൽ വെച്ച് കണ്ട സ്ത്രീ പറഞ്ഞു കേട്ട അനുഭവമായിരുന്നു. "മഴയ്ക്കു ശേഷം " പിശാചിന്റെ മരണം" എന്നീ കഥകളും അദ്ദേഹത്തിന് പ്രിയപെട്ടതായിരുന്നു. ദീപ്തിയിൽ പ്രസിദ്ധികരിച്ച "ചഷകം" എന്ന കഥയുടെ ഉള്ളടക്കം എക്കാലത്തും പ്രസക്തിയുള്ളതാണ്. അൻപതുകളിൽ ദീപ്തിയിൽ എഴുതിയ "ഞാനും എന്റെ ഏകാന്തതയും" എന്ന കഥ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ (അതായത് ഭാര്യയുടെ മരണശേഷം) അന്വർത്ഥമായിരുന്നു എന്ന് പറഞ്ഞിരുന്നു. അനീതിക്കും അധർമത്തിന്നും എതിരെ നഖശിഖാന്തം പോരാടിയിരുന്ന ധീരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സൂര്യൻ കീഴിലെഏതു വിഷയത്തെകുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഏതു കാര്യത്തിലും ഏതു സംശയത്തിനും വ്യക്തമായ പരിഹാരം എപ്പോഴും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.
മട്ടാഞ്ചേരിയിലെ ആദം സേട്ടിന്റെ മകൾ ആയിഷ ബായി ആയിരുന്നു സഹധർമിണി. 62 വർഷത്തിന്റെ ദാമ്പത്യത്തിൽ 12 മക്കൾ പിറന്നു. അതിൽ 7പെണ്ണും 5ആണും. 4 ആൺമക്കൾ ശൈശവത്തിൽ തന്നെ തങ്ങളെ വിട്ടുപിരിഞ്ഞു. ഇവരിൽ മൂത്ത പുത്രി ആയ എനിക്കു മാത്രമാണ് കോളേജ് വിദ്യാഭ്യാസം ലഭിച്ചത്. മർഹൂം സാലെ മുഹമ്മദ് ഇബ്രാഹിം സേട്ടുവിന്റെ വാക്കിനെ മാനിച്ചു കൊണ്ടുമാത്രമാണ് 1967ൽ ആരംഭിച്ച കൊച്ചിൻ കോളേജിൽ ചേർത്തത്. ജീവിതത്തിൽ ഏതു തുറയിലായാലും ഒരു പെർഫെക്ട് ജന്റിൽമാൻ ആയിരുന്നു എന്റെ പ്രിയപ്പെട്ട പിതാവ്. ഇസ്ലാമികത വിട്ടൊരു ജീവിതം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വേഷത്തിലും ഭാവത്തിലും അത് പ്രതിഫലിച്ചിരുന്നു. അത്പോലെ തന്നെ മക്കളായ ഞങ്ങളെയും ആ ചട്ടക്കൂട്ടിൽ കർക്കശമായിത്തന്നെ വളർത്തിയത്. തിരുവായ്ക് എതിർവയില്ലായിരുന്നു. എന്നിരുന്നാലും നല്ലമകനും, നല്ല സഹോദരനും, ഉത്തമനായ ഭർത്താവും സ്നേഹനിധിയായ പിതാവും നല്ലൊരു ആതിഥേയനും സമൂഹത്തിൽ സമുന്നതനും സ്വാഭിമാനിയും ആയ ഒരു മഹദ് വ്യക്തിത്വത്തിന്റെ അനിർവചനീയനായിരുന്നു എന്നു പറഞ്ഞ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ റോൾ മോഡൽ എപ്പോഴും എന്റെ പിതാവ് തന്നെ ആയിരുന്നു. ഇത്തരുണത്തിൽ അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളെയും മനസ്സാസ്മരിക്കുന്നു. അള്ളാഹു അദ്ദേഹത്തിന് ജന്നത്തുൽ ഫിർദൗസിൽ പ്രവേശനം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.