Cutchi Language Tutorial, Kerala
പിന്നാമ്പുറം - The Last Page -  By Riaz Ahmed


1978 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മേമൻ ടൈംസിൽ മർഹൂം ജനാബ് അഹമ്മദ് ഉസ്മാൻ സേട്ട് എഴുതിയ ലേഖനത്തിന്റെ പുനർ ആവിഷ്കരണമാണിത്. ലേഖനത്തിന്റെ വിഷയം കാലാതീതമാണ്, എക്കാലത്തുംപ്രസക്തമാണ്. അക്കാലത്ത് മേമൻ ടൈംസിന്റെ പത്രാധിപരായിരുന്നു ശ്രീ റിയാസ് അഹമ്മദ് 

ഗുണങ്ങൾ കാണുക, ദോഷങ്ങൾ മറക്കുക. അഹ്‌മദ്‌ ഉസ്മാൻ സേട്ട്. B. A.
മനുഷ്യൻ പ്രകൃത നന്മതിന്മകളുടെ സമ്മിശ്ര സ്വഭാവമുള്ളവനായിട്ടാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത്.  സൽഗുണ സമ്പുർണ്ണനായവനെയോ, എല്ലാ ദുർഗുണങ്ങളുടെയും മൂർത്തിമത്തായവനേയോ  ലോകത്തു കാണുവാൻ പ്രയാസമാണ്.  അങ്ങേയറ്റം ദുഷ്ടനും നീചനുമാണെന്ന് നാം കരുതുന്നവരിലും,  ചിലപ്പോൾ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹാനുഭൂതിയുടെയും സ്ഫുരികങ്ങൾ കാണുവാൻ കഴിഞ്ഞെന്ന്വരും

മനുഷ്യസ്വഭാവത്തിൽ വളരെ സാധാരണവും എന്നാൽ ഏറ്റവും നിന്ദ്യവും കുത്സിതവുമായ ഒന്നാണ് അന്യരുടെ ദോഷങ്ങൾ മാത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്.  ഈ ക്രൂര വിനോദത്തിൽ ഒരു തരത്തില്ലെങ്കിൽ മറ്റൊരുതരത്തിൽ വ്യാപാരിക്കാത്തവർ നമ്മിൽ ആരും തന്നെ കാണുകയില്ല.  അത്പോലെ തന്നെ നമ്മിൽ പലരും ഈ ദ്രോഹത്തിന് പലപ്പോഴും ഇരയായി തീരാതിരുന്നിട്ടുമില്ല. ഒരാളുടെ അഭാവത്തിൽ അയാളുടെ തെറ്റുകളും കുറ്റങ്ങളും പറയുക എന്നതാണ് പരദൂഷണം.  പരദൂഷണം ചെയ്യരുത് എന്ന് എല്ലാ മതങ്ങളും അനുശാസിക്കുന്നു.  എന്നാൽ മനുഷ്യർ തീരെ അശ്രദ്ധ പാലിക്കുന്ന കാര്യവും ഇതല്ലാതെ മറ്റൊന്നില്ല.  ഈ ദുശ്ശിലത്തിന്റെ ഇരയായിത്തീർന്നിട്ടുള്ള എത്ര എത്ര നിരപരാധികൾക്കാണ് അപരിഹാര്യമായ കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവന്നിട്ടുള്ളത്‌. 

മുഹമ്മദ്‌ നബി (സ) യോട് ഒരിക്കൽ ഒരാൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ,  ഞാൻ എന്റെ ഒരു സുഹൃത്തിനെപ്പറ്റി തെറ്റായി ദോഷാരോപണം ചെയ്തുപോയി. ഇനി ഇത് എങ്ങനെ തിരുത്തുവാൻ സാധിക്കും.?  അപ്പോൾ നബി (സ) കല്പിച്ചു.  "നീ ഓരോവീട്ടുപടിക്കലും പക്ഷികളുടെ തൂവൽ ഓരോന്ന് വീതം വെച്ചിട്ട് നാളെ വരും." അതു പ്രകാരം അടുത്തദിവസം അയാൾ വന്നപ്പോൾ തലേന്നാൾ വെച്ച തൂവലുകൾ പെറുക്കിക്കൊണ്ടുവരുവാൻ അയാളോട് ആവശ്യപ്പെട്ടു, അയാൾ മറുപടി നൽകി:- "അല്ലാഹുവിന്റെ റസൂലെ,  അത് അസാദ്ധ്യമാണ്,  രാത്രി വീശിയകാറ്റിൽ ആ തൂവലുകൾ എല്ലാം പാറി പറന്നു പോയിരിക്കും"  "ശരിയാണ്,  അപ്രകാരംതന്നെയാണ് നീ നിന്റെ സുഹൃത്തിനെപ്പറ്റി കരുതലില്ലാതെ പറഞ്ഞവാക്കുകളും." എന്ന് നബി (സ) അരുളിചെയ്‌തു.

ഒരേ സ്വഭാവത്തെ രണ്ട് തരത്തിൽ കാണുന്ന പതിവ് നമ്മിലുണ്ട്.  ഉദാഹരണമായി അന്യരിൽ നിർബന്ധബുദ്ധി എന്ന് നാം പഴിക്കാറുള്ളത് തന്നെ  നമ്മിൽ ആകുമ്പോൾ നിശ്ചയദാർഢ്യത എന്ന ഓമനപ്പേരിൽ നാമതിനെ ന്യായികരിക്കുന്നു നാം നമ്മുടെ തെറ്റുകുറ്റങ്ങൾ മറക്കുകയും, അന്യരുടെ പർവ്വതീകരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?  അന്യരെ കുറ്റപെടുത്തുവാനുള്ള വാസന മനുഷ്യപ്രകൃതിയിൽ രൂഡമൂലമായിട്ടുള്ള ഒരു രക്ഷാകവചമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.  അതിനാലാണ് ഒരാൾ മറ്റുള്ളവരിൽ ഏതു കുറ്റമാണ് അധികമായി ചുമത്തുന്നത് എന്നതിൽ തന്നെ അയാളിൽ ഏതു ന്യുനതയാനുള്ളതെന്ന് മനസ്സിലാകാമെന്ന് മനശാസ്ത്രന്മാർ പറയുന്നത്. മറ്റുള്ളവരിൽ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് ഒരുതരം മാനസികരോഗമാണ്.  ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നും വേണ്ടത്ര സ്നേഹവും പരിലാനയും ലഭിക്കാതെ വളരുകയും,  മറ്റു കുട്ടികൾക്കു അത് ലഭിക്കുന്നത് കാണുവാൻ ഇടയാകുകയും ചെയ്യുന്ന കുട്ടികളാണ് ഈ മാനസികരോഗം കൂടുതലായി കാണുന്നതെന്ന് സുപ്രസിദ്ധ ഡോക്ടർ ആൻഡേഴ്‌സൺ പ്രസ്താവിച്ചിരിക്കുന്നു.  ഇങ്ങനെ വളരുന്ന കുട്ടികളുടെ ഉപബോധ മനസ്സിൽ ഒരു തരം അപകർഷതാബോധം (ഉണ്ടായിരുന്നു.  ഈ കുട്ടികൾ വളർന്നു ജീവിതത്തിന്റെ ഏതു തുറകളിൽ പ്രവേശിച്ചാലും ശരി അവരോടൊപ്പം അവരറിയാതെ ഉപബോധ  മനസ്സിൽ മറ്റുള്ളവരോട് അസൂയയും,  പകയും,  വിമർശന സ്വഭാവവും വളർന്നുവരുന്നു.  ഏതൊരു വ്യക്തിയിലും സംഘടനയിലും,  പ്രവർത്തനങ്ങളിലും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിലും,  അവയെ നിശിതമായി വിമർശിക്കുന്നതിലും അവർ ചാരിതാർത്ഥ്യം കണ്ടെത്തുന്നു.  എല്ലാത്തിനെയും എതിർക്കുകയും കുറ്റപ്പെടുത്തുകയും ചെയ്താലെ തങ്ങളെ മറ്റുള്ളവർ ഗൗനിക്കുകയുള്ളു എന്ന് അവരുടെ ഉപബോധമനസ്സ് അവരോട് മന്ത്രിച്ചു കൊണ്ടിരിക്കും.  "നിങ്ങളിൽ തെറ്റുചയ്യാത്തവർ ആരോ, അവർ ആദ്യമായി കല്ലെറിയട്ടെ" എന്ന ഈസ്സ നബിയുടെ സുപ്രസിദ്ധ വാക്യങ്ങൾ വളരെ അർത്ഥവത്താണ്.  തെറ്റു ചെയ്യാത്ത മനുഷ്യൻ ഇല്ലെന്നിരിക്കെ ആർക്കെങ്കിലും  മറ്റുള്ളവരെ കല്ലെറിയുവാൻ അവകാശമുണ്ടോ എന്ന് ചിന്തിക്കേണ്ടിയതാണ്. 

പരദൂഷണത്തെയും,  കള്ളപ്രചരണങ്ങളെയും,  ഹീനമായ വിമർശനങ്ങളെയും ഇസ്ലാം കഠിനമായി നിരോധിച്ചിട്ടുണ്ട്.  "സൽപ്രവർത്തിയും,  ദുഷ്പ്രവർത്തിയും ഒരു പോലെയല്ല. നന്മയെ കൊണ്ട് തിന്മയെ തടുക്കുക" എന്ന് വിശുദ്ധ ഖുറാനിലെ "ഹാമീംസജ്‌ദ" എന്ന സൂറത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. റസൂൽ കരീം (സ) പറയുന്നു "മറ്റുള്ളവരെ പറ്റി ദോഷങ്ങൾ പറയരുത്,  അത് നിങ്ങളുടെ മരിച്ച സഹോദരന്റെ മാംസം തിന്നുന്നത് പോലെ നികൃഷ്ടമാണ്. അപ്പോൾ സഹാബികൾ ചോദിച്ചു "ഞങ്ങൾ പറയുന്നത് യഥാർത്ഥമായ ദോഷങ്ങൾ ആണെങ്കിലൊ" അതിന് നബി (സ) മറുപടി നൽകി "ഉള്ള കുറ്റങ്ങൾ പറയുന്നതാണ് പരദൂഷണം, ഇല്ലാത്തത് പറയുന്നവർ കളവു പറയുക എന്ന മറ്റൊരുകുറ്റവും കൂടി ചെയ്യുന്നു. " ഒരു സഹോദരന്റെ തെറ്റുകൾ അറിയുവാൻ ഇടയാവുകയും,  അതിനെ മറ്റാരും അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നതാരോ, അവന്റെ  പാപങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കുന്നതാണ് എന്ന് നബി (സ) പ്രസ്താവിച്ചതായി ഹസ്രത് അഖ്‌ബാബിന് അമീർ റിപ്പോർട്ട്‌ ചെയ്യുന്നു  (തിബ്‌റാനി)

മറ്റൊരുത്തനെപറ്റിയുള്ള ദുഷ്പ്രചരണത്തെ എതിർക്കുകയും, അവന്റെ അഭാവത്തിൽ അവനുവേണ്ടി വാദിക്കുകയും ചെയ്യുന്നവന്റെ മുഖത്തെ അള്ളാഹു നരഗാഗ്നിയിൽ നിന്നും രക്ഷിക്കുമെന്ന് റസൂൽ കരീം (സ) പറഞ്ഞതായി ഹസ്രത് അബുദ്ദർദാ റിപ്പോർട്ട്‌ ചെയ്യുന്നു. (തിർമിദി) ഹസ്രത് സുഫിയാൻ എന്ന സഹാബി ചോദിച്ചു "നാം ഏറ്റവും ഭയപ്പെടേണ്ടതും വളരെ സൂക്ഷിക്കേണ്ടതും എന്തിനെയാണ്. " അപ്പോൾ നബി (സ) തന്റെ നാക്കിനെ ചൂണ്ടി കാണിച്ചു. (അബു ശൈഖ് ).  മേൽ ഉദ്ധരിച്ച മുഹമ്മദ്‌ മുസ്തഫ (സ) യുടെ തിരുസൂക്തങ്ങളിൽനിന്ന് മുസ്ലിമീങ്ങളായ നാം പരദൂഷണത്തെ വെറുക്കുകമാത്രമല്ല,  ആ ദുർമാർഗ്ഗപ്രലോപനത്തെ ചറുക്കുകകൂടി ചെയ്യേണ്ടതാന്നാണ് എന്ന് സ്പഷ്ടമാക്കുന്നു.  അപവാദം പറച്ചിൽ വിദ്വേഷത്തിന്റെയോ മാനസിക ദുർബ്ബലതയുടെയോ വ്യക്തിപരമായ കുറ്റസമ്മതമാണ്. അത് മനുഷ്യനെ സാംസ്കാരികമായി അധഃപതിപ്പിക്കുന്ന ഹീനമായ ചാപല്യമാണ്.  ചെളി വാരി എറിയുന്നവന്റെ കൈകൾ വൃത്തിഹീനങ്ങളായി തീരുമെന്നതിൽ സംശയമില്ല.  മറ്റുള്ളവരുടെ ഗുണങ്ങൾ കണ്ടുപിടിക്കുവാനോ, അത് വെളിപ്പെടുത്തുവാനോ ആരും മിനക്കെടാറില്ല.  എന്നാൽ ദോഷങ്ങളെ തേടിപിടിക്കുവാനുള്ള നമ്മുടെ വാസനയെ ചെറുക്കുവാനെങ്കിലും നാം ശ്രമിക്കേണ്ടതല്ലെ? 

ഡോക്ടർ വാൾട്ടർമൂർ എന്ന തത്വചിന്തകൻ മനുഷ്യ പ്രകൃതിയെപ്പറ്റി സംസാരിക്കുന്ന സന്ദർഭത്തിൽ,  ഒരു വെള്ള കടലാസെടുത്തു അതിന്റെ ഒത്ത നടുക്ക് ഒരു കറുത്തപുള്ളിയിട്ട് സദസ്സരോട് ചോദിച്ചു -നിങ്ങൾ ഇപ്പോൾ എന്തു കാണുന്നു?  അവരെല്ലാവരും 'ഒരു കറുത്ത പുള്ളി 'എന്നാണ് മറുപടി പറഞ്ഞത്. "ആ കറുത്ത പുള്ളിക് ചുറ്റും എത്രയോ വലുപ്പത്തിലുള്ള വെള്ളനിറം നിങ്ങളിൽ ആരുംതന്നെ കണ്ടില്ലല്ലോ" എന്ന് അദ്ദേഹം സഹതപിക്കുകയുണ്ടായി.  മറ്റുള്ളവരുടെ കറുത്ത കുറ്റങ്ങളെ കണ്ടുപിടിക്കുവാനുള്ള ഉത്തേജനത്തെ അടിച്ചമർത്തി, പകരം അവരുടെ വെളുത്ത ഗുണങ്ങളിലേക് നമ്മുടെ മുഴുവൻ ശ്രദ്ധയും കേന്ദ്രികരിക്കുവാൻ നാം പരിശീലിക്കേണ്ടിയിരിക്കുന്നു. സമസൃഷ്ടികളുടെ ഗുണങ്ങൾ കണ്ടെടുക്കുവാനുള്ള കഴിവ് നാം നേടേണ്ടിയിരിക്കുന്നു.  ആ ഗുണഗങ്ങളെപറ്റി പ്രതിപാദിക്കുവാനും നാം പരിശീലിക്കണം. മറ്റുള്ളവരെപറ്റി നല്ലത് പറയുവാനുള്ള കലാവിരുത് നാം സമ്പാദിക്കണം. അങ്ങനെ നന്മകൾ തേടിപിടിക്കുവാൻ നാം ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽനിന്ന് അസൂയയും പകയും വിദ്വേഷവും പാടെ മാഞ്ഞു പോകുന്നു. മനസ്സ് നിർമല സുന്ദരമായിരിക്കുകയും,  നമ്മുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയുന്ന അത്ഭുതകരമായ വ്യതിയാനം നാം അനുഭവിച്ചറിയുകയും ചെയ്യുന്നു. 

മർഹൂം ജനാബ് അഹമ്മദ് ഉസ്മാൻ സേട്ട് എഴുതിയ ലേഖനത്തിന്റെ പുനർ ആവിഷ്കരണമാണിത് , അക്കാലത്ത് മേമൻ ടൈംസിന്റെ പത്രാധിപരായിരുന്നു ശ്രീ റിയാസ് അഹമ്മദ് 
A Magazine for the Cutchi Memon Community of Kerala
SPONSORER