നാടെവിടെയാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇന്നും എന്നും ഞാന്‍ അഭിമാനത്തോടെ പറയും “മട്ടാഞ്ചേരി” എന്ന്. മറ്റുള്ളവര്‍ എന്നെ അത്ഭുതത്തോടെ നോക്കും. മട്ടാഞ്ചേരി ഒരു വിചിത്ര നഗരമായതു കൊണ്ടല്ല, മട്ടാഞ്ചേരി ഒരു ‘കുപ്രസിദ്ധ’ നഗരമായതു കൊണ്ടാണത്. മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്നവര്‍ പോലും സ്വന്തം നാട് മട്ടാഞ്ചേരി ആണെന്ന് പറയാന്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാവരും പറയുന്നത് ഫോര്‍ട്ട് കൊച്ചി എന്നാണ്. പനയപ്പള്ളിയില്‍ താമസിക്കുന്നവരും ചുള്ളിക്കലില്‍ താമസിക്കുന്നവരും പറയുന്നത് വീട് ഫോര്‍ട്ട് കൊച്ചിയിലാണ് എന്നാണ്. കാരണം അറബികടലിന്‍റെ റാണിയായ മട്ടാഞ്ചേരിക്ക് ഇന്ന് ഒരു ദുഷ്പേരുണ്ട്.
മലയാള സിനിമ വരുത്തിവെച്ച ഒരു വിനയാണത്. മട്ടാഞ്ചേരി കള്ളന്മാരുടെയും കള്ളക്കടത്തുകാരുടെയും, ഗുണ്ടകളുടെയും നാടാണ് എന്നാണ് മലയാള സിനിമ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നത്. “മട്ടാഞ്ചേരിയില്‍ നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യും”, “മട്ടാഞ്ചേരിയിലെ മാഫിയ”..ഇതൊക്കെ മലയാള സിനിമയിലെ സ്ഥിരം ഡയലോഗുകളാണ്. സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ, സഹോദര്യത്തിന്റെ സര്‍വോത്തമ മാതൃകയായ മട്ടാഞ്ചേരിയെ എത്ര നികൃഷ്ടമായാണ് സിനിമാക്കാര്‍ അവതരിപ്പിക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് പോലും ആ നാടിന്‍റെ പേര് പറയാന്‍ നാണക്കേടായി. പക്ഷെ ഞാന്‍ എന്‍റെ മട്ടാഞ്ചേരിയേ സ്നേഹിക്കുന്നു. ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും, ഞാന്‍ മട്ടാഞ്ചേരിക്കാരനാണെന്നു. എന്നാല്‍ ഒരു കാര്യം സമ്മതിക്കാം. ഒരു കാലത്ത് മട്ടാഞ്ചേരി കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. അത് പക്ഷെ ഇന്ത്യയിലെ എല്ലാ തുറമുഖ നഗരങ്ങളും അങ്ങിനെ തന്നെ ആയിരുന്നു. ഭരണ നേതൃത്വം സ്വയം അഴിമതിക്കാരായപ്പോള്‍, കള്ളക്കടത്ത് ഒരു വ്യവസായമായി തഴച്ചു വളര്‍ന്നു. എന്‍റെ ചെറുപ്പത്തില്‍, എന്‍റെ സഹപാഠികളോട്, “ ബാപ്പാക്ക് എന്താ ജോലി ?” എന്ന് ചോദിച്ചാല്‍ പല കുട്ടികളും അഭിമാനത്തോടെ പറയും “സ്മഗ്ലിംഗ്” എന്ന്. അവരുടെ കൈത്തണ്ടയില്‍, തിളങ്ങുന്ന വിദേശ നിര്‍മ്മിത വാച്ചുണ്ടായിരിക്കും. അവര്‍ ധരിച്ചിരിക്കുന്നത് പളപളാ തിളങ്ങുന്ന പീജി സില്‍കിന്റെ റെഡി മേഡ് ഷര്‍ട്ട് ആയിരിക്കും.
അത് മട്ടാഞ്ചേരിയുടെ സുവര്‍ണ്ണ കാലമായിരുന്നു. തിരക്കുള്ള ഒരു തുറമുഖം എന്ന നിലയില്‍ മട്ടാഞ്ചേരി എന്നും സജീവമായിരുന്നു, സംബന്നവുമായിരുന്നു. വിദേശ നിര്‍മിത വസ്തുക്കള്‍ എല്ലായിടത്തും എപ്പോഴും സുലഭമായിരുന്നു. നിയമം നടപ്പാക്കേണ്ടവര്‍ കണ്ണടച്ചതിനാലാവണം, കള്ളക്കടത്ത് തഴച്ചു വളര്‍ന്നത്. നിയമ നിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായതോടെ, കള്ളക്കടത്ത്, മട്ടാഞ്ചേരിയില്‍ നിന്ന് മാത്രമല്ല, ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നെല്ലാ൦ അപ്രത്യക്ഷമായി.
വിമാന സര്‍വീസുകള്‍ സാര്‍വത്രികമായതോടെ, കള്ളക്കടത്തിനു പുതിയ വാതായനങ്ങള്‍ തുറന്നു. കള്ളക്കടത്ത് വിമാനമാര്‍ഗ്ഗമായി. മട്ടാഞ്ചേരി അതില്‍ നിന്നും മുക്തമായെങ്കിലും, സിനിമാക്കാര്‍ കനിഞ്ഞു നല്‍കിയ ദുഷ്പേര് എന്‍റെ പാവം മട്ടാഞ്ചേരി ഇന്നും പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ മട്ടാഞ്ചേരിയുടെ യശസ്സ് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കടലുകള്‍ താണ്ടി എത്ര വിദേശികളാണ് കച്ചവടാര്‍ത്ഥം കൊച്ചിയിലെത്തിയത് ! (അന്ന് കൊച്ചി എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരി ആയിരുന്നു. ഏറണാകുളം അന്ന് നിഷ്പ്രഭമായ ഒരു ‘കുളം’ മാത്രമായിരുന്നു). അറബികള്‍, ചൈനാക്കാര്‍ പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാര്‍ ബ്രിട്ടീഷുകാര്‍, അങ്ങിനെ എത്രയെത്ര വിദേശികള്‍ ഇവിടെ വന്നു പോയി. അതിന്റെയെല്ലാം ശേഷിപ്പുകള്‍ ഇന്നും മട്ടാഞ്ചേരിയുടെ വിരിമാറില്‍ തെളിഞ്ഞു കിടപ്പുണ്ട്. എത്രയെത്ര സംസ്കാരങ്ങളുടെ സംഗമ ഭൂമിയായിരുന്നു ഇത്...അതിന്റെയെല്ലാം ചരിത്ര സ്മാരകങ്ങള്‍ ഇന്നും ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഇന്നും ഈ കൊച്ചു പ്രദേശത്ത് എത്ര വ്യത്യസ്ഥരായ സമൂഹങ്ങളാണ് അധിവസിക്കുന്നത് ! അറബി പൈതൃകമുള്ള മുസ്ലിം കുടുംബങ്ങള്‍, ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തില്‍ നിന്നും ആഗ്ലോ ഇന്ത്യന്‍സ്, പോര്‍ചുഗീസുകാരുടെ പൈതൃകം പേറുന്ന പറങ്കികള്‍, ഗുജറാത്തികള്‍, കൊങ്കണികള്‍, ജൂതന്മാര്‍, ഗുജറാത്തിലെ കച്ചില്‍ നിന്നും കുടിയേറിപ്പാര്‍ത്ത കഛ്ഛീക്കാര്‍, ഉര്‍ദു സംസാരിക്കുന്ന പട്ടാണികള്‍, പഞ്ജാബി സംസാരിക്കുന്ന സിഖുകാര്‍. ഹിന്ദി സംസാരിക്കുന്ന ഉത്തരേന്തിയക്കാര്‍....എത്ര വൈജാത്യമുള്ള ഭാഷകളാണ് ഇവിടെ സംസാരിക്കപ്പെടുന്നത് ! മലയാളം കൂടാതെ ഇവിടെ ഇന്നും സംസാരിക്കപ്പെടുന്ന ഭാഷകള്‍, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ജാബി, കൊങ്കണി, തമിഴ്, കച്ചി, ഹീബ്രു, അറബി, ഉര്‍ദു,.....ഇത് അന്യ സംസ്ഥാന തൊഴിലാളികള്‍ കുടിയേറുന്നതിനു മുന്പെയുള്ള സ്ഥിതിയാണ്. ഇന്ന് കേരളം മുഴുവന്‍ ഒരു കൊച്ചു ഭാരതമാണല്ലോ. ഹിന്ദി അറിയാതെ ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും അടങ്ങുന്ന, കേവലം നാലര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ വൈവിധ്യങ്ങള്‍ എല്ലാം സമ്മേളിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ ദേശം ഒരുപക്ഷെ ലോകത്തില്‍ തന്നെ അത്യപൂര്‍വമാകുന്നത്. മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങളും ഈ കൊച്ചു പ്രദേശത്ത് നിലനില്‍ക്കുന്നു എന്നത്, മട്ടാഞ്ചേരിയുടെ സഹവര്‍തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമായ ഉല്‍ഘോഷണമാണ്. അതിന് ചരിത്രം നന്ദി പറയേണ്ടത് കൊച്ചി രാജവംശത്തോടാണ്. അഭയം തേടി വന്നവരേയും കച്ചവടാര്‍ത്ഥം വന്നവരേയും കൊച്ചി രാജാക്കന്മാരും പ്രജകളും രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അവര്‍ക്കെല്ലാം താമസത്തിനും ആരാധനയ്ക്കും സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു. അങ്ങിനെയാണ് ജൂതന്മാര്‍ക്ക് ജൂ ടൌണും, കൊങ്ങിണികള്‍ക്ക് ചെറളായിയും, കഛ്ഛീക്കാര്‍ക്ക് കൊച്ചങ്ങാടിയും ഉണ്ടായത്.
മട്ടാഞ്ചേരിയില്‍ വന്നു പോയ വിദേശികളൊക്കെ അവരുടെ കാല്‍പ്പാടുകള്‍ ഈ ചരിത്ര ഭൂമിയില്‍ പതിപ്പിചിട്ടാണ് കടന്നു പോയത്. അവര്‍ ഇവിടെ നിര്‍മ്മിച്ച കോട്ടകളും, കൊട്ടാരങ്ങളും ദേവാലയങ്ങളും ഇന്നും മട്ടാഞ്ചേരിയുടെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ദീര്‍ഘനാള്‍ മട്ടാഞ്ചേരിയില്‍ തുടരുകയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാത്രം ഇന്ത്യ ഉപേക്ഷിച്ചു പോവുകയും ചെയ്ത ഒരു വിഭാഗമാണ് ജൂതന്മാര്‍. എന്‍റെ ഹൈ സ്കൂള്‍ വിദ്യാഭ്യാസം ഏറണാകുളം എസ്.ആര്‍.വി ഹൈ സ്കൂളിലായിരുന്നു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന ഞാന്‍ ബോട്ടിലാണ് ദിവസവും സ്കൂളില്‍ പോയിരുന്നത്. എന്നോടൊപ്പം രണ്ട് ജൂത പെണ്‍കുട്ടികളും ബോട്ടില്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. കൊച്ചി കായലിലൂടെ ഓടുന്ന, “ഹിമാലയ” എന്ന സര്‍ക്കാര്‍ ബോട്ടിന്‍റെ അപ്പര്‍ ഡെക്കിലുള്ള ഫസ്റ്റ് ക്ലാസ്സിലാണ് ഞങ്ങള്‍ യാത്ര ചെയ്യുക. ഞങ്ങള്‍ എന്ന് വെച്ചാല്‍, ഒരു പാട് സ്കൂള്‍-കോളേജ് വിധ്യാര്‍തികള്‍ ഏഴാം ക്ലാസ് മുതല്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ ഏറണാകുളത്താണ് പഠിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് ഏറണാകുള൦ വരെയുള്ള യാത്ര എന്നും ബോട്ടിലാണ്. അതിനു കാരണം വിദ്യാര്‍ഥികള്‍ക്ക് ബോട്ടില്‍ യാത്ര സൌജന്യമാണ്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തു പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ് സര്‍ക്കാരിന്റെ ഈ സൌജന്യ പാസ്. യാത്ര സൌജന്യമാക്കി തന്നത് പോരാഞ്ഞിട്ട്,
ഞങ്ങള്‍ എല്ലാവരും ഫസ്റ്റ് ക്ലാസ്സിലേ യാത്ര ചെയ്യൂ. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതല്‍ ആയതിനാലും, പൊതുവേ ഫസ്റ്റ് ക്ലാസ്സില്‍ യാത്രക്കാര്‍ കുറവായതിനാലും മിക്ക ബോട്ട് മാഷ്മാരും (ടിക്കറ്റ് ചെക്കര്‍മാര്‍) ഞങ്ങളുടെ ഈ ധിക്കാരം അവഗണിക്കുകയാണ് പതിവ്. സ്വര്‍ണ്ണ നിറമുള്ള മുടിയും പൂച്ചക്കണ്ണ്‍കളുമുള്ള “ വെള്ളക്കാരായ” ആ രണ്ടു ജൂത പെണ്‍കുട്ടികളാണ്, “ഇന്ത്യക്കാരായ” ഞങ്ങളില്‍ നിന്നും എന്നും വേറിട്ട് നിന്നിരുന്നത്. ഇടയ്ക്കൊക്കെ ബോട്ടില്‍ കയറുന്ന വിദേശി ടൂറിസ്റ്റുകളെപോലെ ഞങ്ങളോടൊപ്പം ദിവസേന യാത്ര ചെയ്യുന്ന സ്വദേശി “വെള്ളക്കാര്‍ ആയിരുന്നു അവര്‍. എന്നാല്‍ കൊച്ചിയിലെ ജൂതന്മാര്‍ എല്ലാം വെള്ളക്കാര്‍ ആയിരുന്നില്ല. ജൂതന്മാരില്‍ വെളുത്തവരും കറുത്തവരും ഉണ്ടായിരുന്നു.കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വന്നവരാണ് കറുത്ത ജൂതര്‍. വെളുത്ത ജൂതര്‍ യൂറോപ്പില്‍ നിന്ന് കുടിയേറിയവരും. അവരെ പരദേശി ജൂതന്മാര്‍ എന്നാണ് വിളിച്ചിരുന്നത്.
കൂടാതെ ഇറാക്കില്‍ നിന്ന് കുടിയേറിയ ബാഗ്ദാദി ജൂതന്മാരും ഉണ്ടായിരുന്നു. കറുത്ത ജൂതരില്‍പ്പെട്ടവനായിരുന്നു, ബോട്ട് മാസ്റ്റര്‍ ആയ “കോച്ച”. കൊച്ചിയുടെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളം സംസാരിക്കുന്ന കോച്ചാ മാഷ് വിദ്യാര്‍ഥികളുടെം പ്രിയങ്കരനായിരുന്നു..ജോലിയില്‍ നിന്നും റിട്ടയര്‍ ആയതിനു ശേഷം അദ്ദേഹവും ഇസ്രായേലിലേക്ക് പോയി. ബാഗ്ദാദി ജൂതനായ എസ്. കോടര്‍ ആയിരുന്നു കൊച്ചിയിലെ ജൂതന്മാരില്‍ പ്രമാണി. അദ്ദ്ദേഹം കൊച്ചിയിലെ വ്യവസായ പ്രമുഖന്‍ ആയിരുന്നു. മട്ടാഞ്ചേരിയിലെ വൈദ്യുതി വിതരണം പോലും നടത്തിയിരുന്നത് സാമുവേല്‍ കോടറിന്റെ കൊച്ചിന്‍ ഇലക്റ്റ്രിക്ക് കമ്പനി എന്ന സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്നത്തെ വന്‍കിട മാളുകളോട് ഉപമിക്കാവുന്ന കൊച്ചിയിലെ ആദ്യത്തെ വലിയ ഡിപാര്‍ടുമെന്ടല്‍ സ്റ്റോര്‍ തോപ്പുംപടിയിലെയും, എറണാകുളത്തെയും എസ്.കോടര്‍ ആന്‍റ് കമ്പനി ആയിരുന്നു. എസ്. കോടര്‍ നെതര്‍ലാണ്ട്സിന്റെ ഓണറ റി കോണ്സല്‍ ആയിരുന്നു. കൊച്ചിയില്‍ ആദ്യമായി ഫ്രീമാസന്‍ സൊസൈറ്റി രൂപികരിച്ചതും കോടര്‍ ആയിരുന്നു.
എന്‍റെ ബാല്യകാലസ്മരണകളില്‍ മുഴച്ചുനില്‍ക്കുന്ന മറ്റൊരു സ്ഥലം മട്ടാഞ്ചേരിയിലെ സ്റ്റാര്‍ ടാക്കീസ് ആണ്. സിനിമയിലുള്ള എന്‍റെ അഭിനിവേശം ജനിപ്പിച്ചത് ഈ തിയേറ്ററില്‍ ഞാന്‍ കണ്ട അസംഖ്യം ഹിന്ദി സിനിമകള്‍ ആയിരുന്നു. വാസ്തവത്തില്‍ എനിക്ക് കൂടുതല്‍ മാനസികമായ അടുപ്പം തോന്നേണ്ടത് റോയല്‍ ടാക്കീസിനോടായിരുന്നു. കാരണം ഒരിക്കല്‍ അതിന്റെ ഉടമസ്ഥന്‍ എന്‍റെ മാതാമഹന്‍ (ഉമ്മയുടെ പിതാവ്-നാനാപ്പ) ആയ അബ്ദുല്‍ സത്താര്‍ സേട്ട് ആയിരുന്നു. “ബാലന്‍” എന്ന ആദ്യ മലയാള ശബ്ദ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇവിടെ ആയിരുന്നു. അങ്ങിനെ മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം നേടിയ തിയേറ്റര്‍ ആയിരുന്നു മട്ടാഞ്ചേരിയിലെ റോയല്‍ ടാക്കീസ്. വിതരണക്കാരനും പ്രദര്‍ശനക്കാരനുമായ എന്‍റെ നാനാപ്പയും അങ്ങിനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ജനിക്കുനതിനു മുന്‍പേ അദ്ദേഹം തിയേറ്റര്‍ വില്‍ക്കുയും, ഞാന്‍ കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. റോയല്‍ ടാക്കീസില്‍ കൂടുതലും മലയാളം, തമിഴ് സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എനിക്ക് ഹിന്ദി സിനിമകളോടായിരുന്നു കമ്പം. അതുകൊണ്ടാണ് സ്റ്റാര്‍ ടാക്കീസ് എന്‍റെ പ്രിയ തിയേറ്റര്‍ ആയത്.
സിനിമയെക്കുറിച്ച് പറയുമ്പോള്‍ മലയാളസിനിമയെ ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്തിച്ച രണ്ട് പ്രതിഭാശാലികളെക്കുറിച്ചു പറയാതിരിക്കാനാവില്ല. “നീലക്കുയില്‍” എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കേരളത്തിലെത്തിച്ച നിര്‍മ്മാതാവ് ടി.കെ.പരീക്കുട്ടിയും, “ചെമ്മീന്‍” എന്ന ചിത്രതിലൂടെ മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ എത്തിച്ച ബാബു സേട്ടും മട്ടാഞ്ചേരിയുടെ അഭിമാനങ്ങളാണ്. സിനിമാ പോലെത്തന്നെ മട്ടാഞ്ചേരിയുടെ സംഗീതപ്പെരുമയും പ്രസിദ്ധമാണ്. സംഗീതം മട്ടാഞ്ചേരിക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. പാപ്പുക്കുട്ടി ഭാഗവതര്‍,യേശുദാസ്, മെഹബൂബ്, അര്‍ജ്ജുനന്‍ മാസ്ടര്‍, ജെറി അമല്‍ദേവ്, സീറോ ബാബു, കൊച്ചിന്‍ ഇബ്രാഹിം, ഉമ്പായി, കൊച്ചിന്‍ ആസാദ്, അഫ്സല്‍ തുടങ്ങിയവര്‍ മട്ടാഞ്ചേരിയുടെ സംഗീത പാരമ്പര്യത്തിന്റെ ഉത്തമ നിദാനങ്ങളാണ്. നാടകത്തിലും മട്ടാഞ്ചേരിക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്.
കായലും കടലും മൂന്ന് അതിരുകള്‍ തീര്‍ക്കുന്ന മട്ടാഞ്ചേരി, അറബിക്കടലിന്റെ റാണിയാണെങ്കിലും, വികസനത്തിന്‍റെ കാര്യത്തില്‍ എന്നും അധികൃതരുടെ അവഗണന നേരിടുന്ന ഹതഭാഗ്യയാണ്. എറണാകുളം നഗരം നാല് ഭാഗത്തേക്കും വികസിക്കുമ്പോള്‍, മൂന്ന് ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ട മട്ടാഞ്ചേരിക്ക് വികസിക്കാന്‍ ഇടമില്ല. പര്‍പ്പിടമാണ് മട്ടാഞ്ചേരിയുടെ ഏറ്റവും വലിയ പ്രശ്നം. ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം വര്ധിക്കുന്നില്ലല്ലോ. ഞെങ്ങിയും ഞെരങ്ങിയുമാണെങ്കിലും നമ്മള്‍ മട്ടാഞ്ചേരിക്കാര്‍ ഉള്ള സ്ഥലത്ത് ഒരുമയോടെ കഴിയുന്നു. ഇന്ത്യയുടെ ഒരു കൊച്ചു പരിച്ച്ചേദമായ മട്ടാഞ്ചേരി, കടല്‍ കടന്നെത്തുന്നവര്‍ക്കും കരയിലൂടെത്തുന്നവര്‍ക്കും സംഗീത സാന്ദ്രമായ സ്വാഗതം ഓതിക്കൊണ്ട് ഒരു മണവാട്ടിയെപോലെ നാണം കുണുങ്ങി നില്‍ക്കുന്നു.
“പാതി കൊച്ചീക്കാരും പാതി കഛ്ഛീക്കാരും കൂടെ പോണത് കാണാന്‍ എന്തൊരു ചേല് "